കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം. നിർമാതാവ് ഷോണ്‍ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോക്സോഫീസില്‍ 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്‌ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് മുതല്‍മുടക്ക് തുക പോലും നല്‍കിയില്ലെന്ന പരാതിയിലായിരുന്നു പോലീസ് കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
7 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്നായിരുന്നു കരാർ. 2022 നവംബർ 30ന് കരാർ ഒപ്പിടുമ്ബോള്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ മാത്രമായിരുന്നു പൂർത്തിയായിരുന്നത്. വിശ്വാസ വഞ്ചനയും, ഗൂഢാലോചനയും നിർമാതാക്കള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.നിർമാണ കമ്ബനിയായ പറവ ഫിലിംസ് സിനിമയ്‌ക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. മറ്റ് പലരുമാണ് ചിത്രത്തിന്റെ നിർമാണത്തിനായി പണം നല്‍കിയത്. 18.5 കോടി രൂപയായിരുന്നു നിർമാണചിലവ്. പണം നല്‍കിയവരുടെ സാമ്ബത്തിക സ്രോതസ്, നിർമാതാക്കളുടെ സാമ്ബത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.
