
ഡല്‍ഹി: വാട്‌സ്‌ആപ്പ് ഉപയോഗത്തില്‍ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ വാട്‌സ്‌ആപ്പിലൂടെ കൈമാറരുതെന്നാണ് മുന്നറിയിപ്പ്. വാട്‌സ്‌ആപ്പ് വെബ് അക്കൗണ്ടുകള്‍ സൈബർ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
നാഷണല്‍ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സജീവമായ വാട്‌സ്‌ആപ്പ് വെബ് സെഷനുകള്‍ ഉപയോഗിച്ച് അക്കൗണ്ട് ഉടമ അറിയാതെ സ്വകാര്യ സന്ദേശങ്ങള്‍ അയയ്ക്കാൻ സൈബർ കുറ്റവാളികള്‍ക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.
ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങള്‍ വാട്‌സ്‌ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നും കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നിർദേശിച്ചിട്ടുണ്ട്. പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ വാട്‌സ്‌ആപ്പ് വെബ് തുറക്കുന്നവർ ജോലി പൂർത്തിയായ ഉടൻ അക്കൗണ്ടില്‍നിന്ന് ലോഗ് ഔട്ട് ചെയ്യണം. ലോഗ് ഔട്ട് ചെയ്യാതെ സെഷൻ സജീവമായി തുടരുന്നത് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

