
കന്യാകുമാരി: വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് യുവാവിനെ ഗുണ്ടാസംഘം വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ ഇരണിയലിന് സമീപം നെയ്യൂർ കാട്ടുവിള സ്വദേശി ഷമീൽ (26) ആണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം അക്രമിസംഘം കൂസലില്ലാതെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഷമീലും അതേ പ്രദേശത്തുള്ള മുകേഷും സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് ഇവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന്, ഷമീലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ ഇരുചക്രവാഹനം മുകേഷ് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിദേശത്തേക്ക് പോയ ഷമീൽ ആറ് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
ഷമീലിന്റെ വീടിന് സമീപം മറ്റൊരു മുകേഷിന്റെ ഉടമസ്ഥതയിൽ മരമില്ലുണ്ട്. ഇന്നലെ വൈകുന്നേരം ഈ മരമില്ലിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഷമീലും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി രാത്രിയോടെ നേരത്തെ ബൈക്ക് കത്തിച്ച മുകേഷ്, മരമിൽ ഉടമയായ മുകേഷ്, അഖിൽ എന്നിവരടങ്ങുന്ന സംഘം വടിവാൾ, കത്തി, വടി തുടങ്ങിയ മാരകായുധങ്ങളുമായി ഷമീലിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.
വീടിനുള്ളിലുണ്ടായിരുന്ന ഷമീലിനെ സംഘം ക്രൂരമായി വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷമീൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് ഇരണിയൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഷമീലിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

