പിഷാരടിക്കും റോണി വർഗീസിനും പരാജയം; ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തല; എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിനെ ചൊല്ലി തർക്കങ്ങൾ,,,,,
അമ്മ അസോസിയേഷന്റെ മുപ്പതാം വാർഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെ ഞെട്ടിച്ച് ജയൻ ചേർത്തലയ്ക്ക് വിജയം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷിനൊപ്പം ജയൻ ചേർത്തല വിജയിച്ചത്. ഇത്തവണ ഔദ്യോഗിക പാനല്‍ ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും വോട്ടെടുപ്പിന് തലേദിവസം ഔദ്യോഗിക പാനലിലുള്ളവർ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സിദ്ധിഖിന്റെ അഭാവത്തില്‍ മോഹൻലാല്‍, ജഗദീഷ്, മഞ്ജുപിള്ള, ടിനി ടോം, ബാബുരാജ്, ടൊവിനോ തോമസ് എന്നിവരായിരുന്നു വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്ബായി പങ്കുവെച്ച വീഡിയോയില്‍ വനിത വൈസ്പ്രസിഡന്റ് ഉണ്ടാവേണ്ടതുണ്ടെന്ന് ജഗദീഷ് ഓർമിപ്പിച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല അട്ടിമറിയിലൂടെ ജഗദീഷിനൊപ്പം വിജയിക്കുകയായിരുന്നു. എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മത്സരിച്ച രമേശ് പിഷാരടിയും ഡോക്ടർ റോണി വർഗീസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
അമ്മയുടെ ഭരണഘടന അനുസരിച്ച് 17 ഭാരവാഹികളില്‍ 4 പേർ സ്ത്രീകളായിരിക്കണമെന്ന് നിർബന്ധമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇരുവരും വിജയിച്ചില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച വനിതകളില്‍ അനന്യ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചു. ബൈലോ പ്രകാരം വനിത പ്രാതിനിധ്യം വേണ്ടതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ 8 പേരെ പ്രഖ്യാപിക്കുകയും നാല് പേരെ പിന്നീട് ഏക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കുമെന്നും പ്രിസൈഡിങ് ഓഫീസർ പറഞ്ഞു.
ഇതില്‍ പ്രകാരം കലാഭവൻ ഷാജോണ്‍, വിനുമോഹൻ, ടിനി ടോം, ജോയ് മാത്യു, അനന്യ, ടൊവിനോ തോമസ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറുമൂട് എന്നിവരെ തിരഞ്ഞെടുത്തു. ഇതോടെ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീകളെ തന്നെ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളില്‍ ചിലർ ബഹളം വെച്ചു. എന്നാല്‍ മത്സരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ വനിതാപ്രാതിനിത്യ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടെന്ന് കമ്മറ്റിയും പ്രിസെഡിങ് ഓഫീസറും വ്യക്തമാക്കി. ഇതിലൂടെ സരയുവും അൻസിബയും കൂടി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് രമേശ് പിഷാരടിയും റോണി വർഗീസും പരാജയപ്പെട്ടത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ഒരു വനിത പ്രതിനിധിയെ കമ്മറ്റി യോഗം ചേർന്ന് തീരുമാനിക്കും കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, ഷീലു ഏബ്രഹാം എന്നിവരുടെ പേരുകള്‍ നിർദ്ദേശങ്ങളായി ഉയർന്നു.നേരത്തെ മോഹൻലാലും ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹൻലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമായിരുന്നു മത്സരിച്ചത്. 25 വർഷത്തെ നേതൃത്വത്തിന് ശേഷം ഇടവേള ബാബു അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് പിന്മാറി.