Blog

സൈന്യം എത്തും

കോഴിക്കോട്: കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായി സൈന്യമെത്തും. ഇന്ന് രാവിലെ മുതലുള്ള തിരച്ചില്‍ സൈന്യം ഏറ്റെടുക്കുമെന്നാണ് വിവരം.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എം.കെ. രാഘവൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാദൗത്യത്തില്‍ സൈന്യത്തെ ഇറക്കണമെന്ന് അർജുന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച്‌ കുടുംബം പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം ഇന്ന് തല്‍കാലം നിർത്തിവെച്ചിരിക്കുകയാണ്.

കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.

നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ പങ്കാളികളാണ്. ദേശീയപാത 66ല്‍ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജില്‍ നടന്ന അപകടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *