വയനാട്: മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 100 കവിഞ്ഞു. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തിതിയിട്ടുണ്ട്. ആദ്യം പുഴയ്ക്ക് കുറുകെ വടം കെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കെെ ഭാഗത്തേക്ക് കടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തിക്കഴിഞ്ഞു. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ പുതിയ പാലം നിർമ്മിച്ചാണ് രക്ഷാപ്രവർത്തനം. സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗമാണ് പാലം നിർമ്മിച്ചത്.