Blog

ശിക്ഷ വിധിച്ചു

കൂടെ ജോലി ചെയ്തു വന്നിരുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയ ശേഷം ചതിച്ചു വഞ്ചിച്ചും ലൈംഗിക അതിക്രമത്തിനും, ക്രൂരമായ ശാരീരിക പീഡനത്തിനും വിധേയയാക്കി എന്ന കേസിൽ തട്ടത്തുമല ദേശത്ത് ശിശുപാലൻ(51) എന്നയാൾക്ക് ആകെ 30 വർഷം കഠിന തടവും, അഞ്ചു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതി എന്ന നിലയിലാണ് ആറ്റിങ്ങൽ അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് സി. ആർ. ബിജു കുമാർ പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടു ശിക്ഷ വിധിച്ചത്.
2015 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ആദ്യ വിവാഹബന്ധം ഏർപ്പെടുത്തിയ ശേഷം കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കി വരവേയാണ് പ്രതി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി എറണാകുളം എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. എറണാകുളത്ത് താമസിപ്പിച്ച ശേഷം ഒരു പൂമാല ഇട്ട ശേഷം വിവാഹിതയായി എന്ന് വിശ്വസിപ്പിച്ച്, ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾക്കും ലൈംഗിക അതിക്രമണത്തിനും വിധേയയാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ അതിക്രമം സഹിക്കവയ്യാതെയും, പരിക്കുകളുടെ കാഠിന്യത്താലും അതിജീവിത താമസിച്ചിരുന്ന ലോഡ്ജിലെ റൂം ബോയിയുടെ സഹായത്താൽ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുകയും, വീട്ടുകാരെ അറിയിച്ചു പ്രകാരം വീട്ടുകാരും നാട്ടുകാരും എത്തി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് അതിജീവിതയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിലാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിചാരണ പൂർത്തിയാക്കിയത്.
അതിജീവിതയെ ബലമായി മദ്യം നൽകിയ ശേഷം എതിർക്കാൻ കഴിയാത്ത വിധത്തിൽ ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റത്തിന് 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശരീരത്ത് മാരകമായ പരിക്കേൽപ്പിക്കുന്ന വിധത്തിൽ മാനഭംഗപ്പെടുത്തി എന്ന് കുറ്റത്തിന് പത്തുവർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, പിഴ അടക്കാത്ത സാഹചര്യത്തിൽ 4 മാസം വീതം കഠിനതടവും,വധശ്രമത്തിന് 10 വർഷം കഠിഞ്ഞതടവും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കാത്ത സാഹചര്യത്തിൽ 4 മാസം കഠിനതടവും, വിവാഹ വാഗ്ദാനം നൽകി അതിജീവിതയെ ചതിച്ച് കൂട്ടിക്കൊണ്ടുപോയതിന് 6 മാസം തടവും 25,000/- രൂപ പിഴ ശിക്ഷയും, പിഴ അടക്കാത്ത സാഹചര്യത്തിൽ ഒരു മാസം അധികതടവും കോടതി ശിക്ഷ വിധിച്ചു. പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ ആയതിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം എന്ന നിലയ്ക്ക് അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവുണ്ട്. മാത്രവുമല്ല അതിജീവിതയുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് സാധ്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിലേക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി ഉത്തരവിലൂടെ ശുപാർശ നൽകിയിട്ടുമുണ്ട്.
പ്രതിവിചാരണ തടവുകാരനായി ജയിലിൽ കിടന്നിരുന്ന കാലത്തെ ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറഞ്ഞു.
കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷാജി അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ആധാരമാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.മുഹസിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *