Blog

എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘ‍ഷർഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കെസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെ തെരുവില്‍ നേരിടുമെന്ന് സംഘര്‍ഷ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.

എഡിജിപി എം.അര്‍ അജിത്ത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തിയത്. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേ‍ഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി പ്രയോഗിച്ച്‌ പിരിച്ചുവിടാന്‍ നാലുതവണ പൊലീസ് ശ്രമം. സ്റ്റാച്യു ഭാഗത്തെ മതിലുചാടാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വീണ്ടും മൂന്നുതവണ കൂടി ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ലാത്തിവീശി. പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന അബിന്‍ വര്‍ക്കിയെ പൊലീസുകാർ വളഞ്ഞിട്ട് അടിച്ചു.

ഇതിനിടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലെയും കുറച്ച്‌ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തുനീക്കി. തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും അടൂര്‍ പ്രകാശ് എംപിയും സെക്രട്ടറിയേറ്റിന് മുന്നിലെത്തി. പൊലീസിന് നേരെ കെ സുധാകരന്‍ ഭീഷണി മുഴക്കി. നേതാക്കളുടെ നിര്‍ദേശം വന്നതോടെ അബിന്‍ ഉള്‍പ്പടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് കെ സുധാകരനും വിഡി സതീശനും നേതൃത്വം കൊടുക്കുന്ന കെപിസിസി മാർച്ച്‌ നടക്കും.

സമരം കോൺഗ്രസ് ഏറ്റെടുക്കും എന്നാണ് കെ സുധാകരൻ പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധം നയിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർക്കും വീര്യം വർദ്ധിക്കും. ഭരണകക്ഷി എംഎൽഎ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് സർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസരം മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ കോൺഗ്രസും രണ്ടും കൽപ്പിച്ചാണ്. പിണറായിയുടെ ധാർഷ്ട്യം പോലീസ് സേനയുടെ പെരുമാറ്റത്തിൽ പ്രതികരിച്ചാൽ അത് കേരളം കത്തുന്ന സമരപരമ്പരകൾക്ക് ആകും തുടക്കം കുറിക്കാൻ ഇടയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *