ആരോഗ്യ വകുപ്പിലെ വനിതാ ഡോക്‌റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്‌ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്‌ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 20 ന് വൈകിട്ട് 6 മണിയോടെ കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് വനിതാ ഡോക്റ്റർ ചങ്ങനാശേരിക്ക് പോകുന്നതിന് ബസില്‍ കയറി. യാത്രയ്ക്കിടെ ചിങ്ങവനം ഭാഗത്ത് എത്തിയപ്പോള്‍ ബസിന്‍റെ ഷട്ടറുകള്‍ താഴ്ത്തുന്ന രീതിയില്‍ കണ്ടക്റ്റർ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കയറി പിടിക്കുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറയുകയും ചെയ്തു. ചങ്ങനാശേരി ഡിപ്പോയില്‍ യാത്ര അവസാനിപ്പിക്കുന്ന ബസില്‍ നിന്നും ഇറങ്ങിയ ഡോക്റ്റർ അവിടുത്തെ എറ്റിഒയ്ക്ക് പരാതി നല്‍കിയെങ്കിലും ഒത്തുതീർപ്പിനായിരുന്നു ശ്രമം. പക്ഷേ ഇതിനെതിരെ ഡോക്റ്റർ കെഎസ്‌ആർടിസി മാനേജിങ് ഡയറക്റ്റർക്കും, മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.