മലപ്പുറം: പി.വി. അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു.
രാജ്യം നേരിടുന്ന പ്രശ്നം മതേതരത്വമാണ്. ആ മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടിയായിരിക്കും. ആ പാർട്ടിയുടെ കാഴ്ചപ്പാടുകൾ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക സമ്മേളനം തന്നെ വിളിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നും അൻവർ പറഞ്ഞു.
പാർട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്. ആൾബലമുള്ള പാർട്ടിയായി അത് മാറും. കാത്തിരുന്നു കണ്ടോളൂവെന്നും അൻവർ കൂട്ടിച്ചേർത്തു.