Blog

ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം.തിരുവനന്തപുരം ഗവ.എസ്.എം.വി സ്‌കൂളിന്റെ ഗേറ്റാണ് ബാർ അനുവദിക്കാൻ വേണ്ടി വളരെ പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച്‌ ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്.

സ്‌കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാൻ പാടുള്ളൂ എന്നാണ് നിയമം. അതെ സമയം നിലവില്‍ സ്‌കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ വേണ്ട ദൂരപരിധിയുടെ പകുതിപോലുമില്ല എന്നതാണ് സത്യം. ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന്‍ ചുറ്റിയോ ദൂരപരിധി കണക്കാക്കുക എന്ന വിചിത്രമായ രീതിയാണ് അധികൃതർ പിന്തുടരുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല എന്നാണ് സാഹചര്യം. ഇങ്ങനെ ആയിരിക്കെയാണ് സ്‌കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തകൃതിയായി നടക്കുന്നത്.

ഇതിനെതിരെയാണ് പൂർവ്വ വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സ്‌കൂളിനുള്ളിലേയ്ക്ക് രണ്ടുദിവസമായി വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടാണുള്ളത് . അതേസമയം ജനപ്രതിനിധികളുമായി സംസാരിച്ച്‌ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വിനോദ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *