കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിൽസയിലിരുന്ന നാടകകലാകാരൻ മരിച്ചു. വൈക്കം മാളവികയുടെ കലാകാരനായ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്.
കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കുറിച്ചി സചിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം മാളവികയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ എന്ന നാടകത്തിൻ്റെ ഒരുക്കത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനായി സ്റ്റേജിൻ്റെ മുകളിലെ തൂണിൽ കയറിയപ്പോൾ, ഷോക്കേറ്റ് 15 അടി താഴേയ്ക്കു വീഴുകയായിരുന്നു. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിൽസയിൽ ഇരിക്കവേയാണ് ഇന്ന് മരണം സംഭവിച്ചത്. മൈക്ക് സെറ്റ് സ്ഥാപിക്കുന്നതിനായി എത്തിയ ജീവനക്കാർ വൈദ്യുതി ലൈൻ ഇൻസുലേഷൻ ടേപ്പ് ഉപയോഗിക്കാതെ തൂണിൽ ചുറ്റിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് വൈക്കം മാളവികയുടെ അധികൃതർ ആരോപിച്ചു.
കഴിഞ്ഞ 15 വർഷത്തോളമായി സീരിയലുകളിൽ അടക്കം മേക്കപ്പ് മാനായി ഹരിലാൽ ജോലി ചെയ്തിട്ടുണ്ട്. സിനിമാ താരം മനോജ് കെ. ജയന്റെ മേക്കപ്പ് മാനായും പ്രവർത്തിച്ചിട്ടുണ്ട്.
