Blog

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും രക്ഷപ്പെട്ട വഴികളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കിയത്. യാതൊരു ഭാവഭേദവും പശ്ചാത്താപവും ഇല്ലാതെയാണ് ഇയാള്‍ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പൊലീസിനോട് വിശദീകരിച്ചത്.

അതേസമയം, തെളിവെടുപ്പ് നടത്തുന്നതിനിടെ വകവരുത്തുമെന്ന രീതിയില്‍ അയല്‍വാസിക്ക് നേരേ ആംഗ്യം കാട്ടിയെന്നും പരാതി ഉയർന്നു. ചെന്താമരയുടെ അയല്‍വാസിയായ പുഷ്പയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ‘അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി’- പുഷ്പ പറഞ്ഞു.

ജനുവരി 27 ന് രാവിലെ താന്‍ കത്തി പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ അയല്‍വാസിയായ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തുവെന്ന് തെളിവെടുപ്പില്‍ ചെന്താമര പൊലീസിനോട് പറഞ്ഞു. പ്രകോപനത്തിനിടെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നില്‍ ആണ് നിന്നിരുന്നത്. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോള്‍ ലക്ഷമിയെ ആക്രമിച്ചു.

കമ്ബിവേലി ചാടിക്കടന്നാണ് വനത്തിലേക്ക് നടന്നത്. നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കനാലിലെ ഓവുപാലത്തിനടിയിലൂടെയും ഇറങ്ങി നടന്നു. വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു. ആനയുടെ മുമ്ബില്‍ നിന്ന് രക്ഷപ്പെട്ട താന്‍ ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നുവെന്നും ചെന്താമര വിശദീകരിച്ചു.

തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍ തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ എസ്പി പറഞ്ഞു.

ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പൊലീസ് ഏര്‍പ്പാടാക്കിയിരുന്നു. തെളിവെടുപ്പ് നടപടികളെല്ലാം പൊലീസ് ചിത്രീകരിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് നാലുമണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. നാളെ വൈകിട്ടുതന്നെ ചെന്താമരയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

നെന്മാറ പോത്തുണ്ടി തിരുത്തമ്ബാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *