Blog

ആലപ്പുഴ: പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ പ്രതി കിരണിനും മാതാപിതാക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്.
കിരണ്‍, അച്ഛൻ കുഞ്ഞുമോൻ അമ്മ അശ്വമ്മ എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ദിനേശനോടുള്ള വർഷങ്ങള്‍ നീണ്ട പകയാണ് കിരണിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

നാല് വർഷം മുമ്പ് ദിനേശൻ കിരണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരണ്‍ കടന്നിരുന്നില്ല. കഴിഞ്ഞ പുതുവർഷ ദിനത്തിലും ഇരുവരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. വർഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് കിരണ്‍ ദിനേശനെ കൊലപ്പെടുത്തിയത്. മുമ്പും ദിനേശിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു.

വീടിന് പിന്നില്‍ വൈദ്യുത കമ്പി കെട്ടി കെണി ഒരുക്കിയായിരുന്നു ദിനേശനെ കൊലപ്പെടുത്തിയത്. അമ്മയുടെ ഫോണിലേക്ക് വന്ന മെസേജില്‍ നിന്ന് ആണ് ദിനേശൻ വീട്ടിലെത്തുമെന്ന് കിരണ്‍ അറിഞ്ഞത് എന്നും പൊലീസ് പറഞ്ഞു. കൊല ചെയ്യുന്നതിന് മാതാപിതാക്കളുടെ സഹായം ലഭിച്ചിരുന്നതായും വിവരമുണ്ട്.

ദിനേശൻ വീട്ടിലെത്തി എന്ന് ഉറപ്പിച്ച ശേഷം കിരണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്യുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കുന്നതിനായി മറ്റൊരു വൈദ്യുത കമ്പി കൊണ്ട് ഷോക്കേല്‍പ്പിച്ചെന്നും വിവരമുണ്ട്. കിരണും പിതാവ് കുഞ്ഞുമോനും ചേർന്ന് ആണ് ദിനേശന്റെ മൃതദേഹം പാടവരമ്പത്ത് കൊണ്ടിട്ടത്. ഇത് അറിഞ്ഞ അമ്മയും കൊലപാതകം മറ്റുളളവരില്‍ നിന്ന് മറച്ചുവെച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് വാടയ്ക്കല്‍ കല്ലുപുരക്കല്‍ ദിനേശി (50) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയമുയർന്നത്. മൃതദേഹം ലഭിച്ച ഭാഗത്ത് ഷോക്കേല്‍ക്കുന്നതിനുളള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും മാതാപിതാക്കളും കുടുങ്ങുന്നത്. പ്രതിയെ ഇന്നലെ പൊലീസ് സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *