മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥരാക്കി. പാതിരാത്രി കഴിഞ്ഞ ശേഷം വെള്ള സാല്‍വാർ കമ്മീസ് ധരിച്ച ഒരു സ്ത്രീ തെരുവുകളിലൂടെ നടന്ന് കാണുന്ന വീടുകളുടെ ഡോർ ബെല്ല് അടിച്ച് ഒന്നും അറിയാത്തത് പോലെ നടന്നു നീങ്ങുന്നതായിരുന്നു വീഡിയോ.
അതേസമയം സ്ത്രീയെ കണ്ട് തെരുവിലെ പശുക്കളും തെരുവ് നായ്ക്കളും അസ്വസ്ഥമാകുന്നതും വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളില്‍ അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെയും നായ്ക്കളെയും കാണാം. പെട്ടെന്ന് ആരുടെയോ സാന്നിധ്യം അറിഞ്ഞത് പോലെ നായ്ക്കള്‍ അസ്വസ്ഥതയോടെ ഓരിയിടുകയും പശുക്കള്‍ ഓടി മറയുന്നതും കാണാം.
പിന്നാലെയാണ് വെള്ള സാല്‍വാര്‍ കമ്മീസ് ധരിച്ച സ്ത്രീ വളരെ പതുക്കെ നടന്ന് വരുന്നത്. തുടര്‍ന്ന് ഇവര്‍ തെരുവോരത്തുള്ള വീടുകളുടെ കോളിംഗ് ബെല്‍ അമര്‍ത്തുകയും ഒന്നും അറിയാത്തത് പോലെ നടന്ന് നീങ്ങുകയും ചെയ്യുന്നു. സ്ത്രീയുടെ സാന്നിധ്യം മൃഗങ്ങളെ അസ്വസ്ഥമാക്കുന്നത് ഏങ്ങനെയെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു.
