വത്തിക്കാൻ സിറ്റി: ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05 ന് വിട പറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ ലളിത ജീവിതത്തിലുടെ വിശ്വാസ സമൂഹത്തിൻ്റെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ശ്രേഷ്ഠ വ്യക്തിത്വമാണ്.
2013 മാർച്ച് 13-നാണ് ഫ്രാൻസിസ് മാർപ്പാപ്പ കത്തോലിക്കാസഭയുടെ 266-ആമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ സാഹിത്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപിച്ചിരുന്ന അദ്ദേഹം 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തിയിരുന്നു.
1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു.പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.
