കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് മർദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് മർദിച്ചെന്നാണ് കരിക്കോട് സ്വദേശി നാസർ, മകൻ മുഹമ്മദ് സെയ്ദ് എന്നിവരുടെ ആരോപണം. അതേസമയം ഇരുവരും പ്രകോപനപരമായി സംസാരിച്ച് തന്നെയും മർദിച്ചെന്നാണ് എസ്ഐ സുമേഷിന്‍റെ വിശദീകരണം.
ട്രെയിൻ വന്നിറങ്ങിയ നാസറും മകൻ സെയ്ദും കരിക്കോട്ടെ വീട്ടിലേക്ക് പോകാൻ പുലർച്ചെ അഞ്ചിന് ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്ത് സമീപത്തെ തട്ടുകടയിൽ പൊലീസുമായി ചിലർ വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് റോഡിന് സമീപം നിൽക്കുകയായിരുന്ന നാസറിനെയും മുഹമ്മദ് സെയ്ദുവിനെയും പൊലീസ് കാണുന്നത്. മദ്യപിച്ചോ എന്നൊക്കെ ചോദിച്ച് പൊലിസ് തള്ളിയിട്ടു. താനൊരു കെഎസ് യു പ്രവർത്തകാണെന്ന് പറഞ്ഞപ്പോൾ മർദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സെയ്ദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. പരാതിയിൽ കമ്മീഷണറുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
