കോട്ടയം ഇരട്ടക്കൊലപാതകം: സി സി ടി വി ഹാർഡ് ഡിസ്ക്ക് പുഴയിൽ നിന്ന് കണ്ടെടുത്തു
കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പുഴയിൽ എറിഞ്ഞ സി സി ടി വി ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തു. പളളിക്കോണം തോട്ടിൽ പ്രതി എറിഞ്ഞ് കളത്തഹാർഡ് ഡിസ്ക്ക് തെളിവെടുപ്പിനിടെ ഇന്ന് വൈകിട്ട് 5.15 ഓടെ രണ്ട് യുവാക്കൾ മുങ്ങിയെടുക്കുകയായിരുന്നു.കേസിലെ പ്രധാന തെളിവാകാൻ പോകുന്ന ഹാർഡ് ഡിസ്ക്ക് കണ്ടെടുത്തതിൻ്റെ ആശ്വാസത്തിലാണ് പോലീസ്.ഇന്ന് രാവിലെ തൃശൂർ മാളയിൽ നിന്ന് പിടിയിലായ പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. മൂന്നു വർഷമായി ഇയാൾ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.
ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടാലിയുടെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
