സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍സ്ഥാനത്തുള്ളത്.
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനോടും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കേണ്ടതിനേക്കുറിച്ച് തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയത്.
സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്പുകളില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ വിശദമാക്കി. തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോള്‍ റിട്ടെയിലര്‍മാര്‍ക്ക് പൊതുജനങ്ങള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഹര്‍ജിയെന്നാണ് പരാതിക്കാര്‍ വിശദമാക്കുന്നത്.
