ചാര്‍ജ് ചെയ്യാനായി കയറിവന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണം കാര്‍ ഓടിച്ചയാള്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം. അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായത്. കോട്ടയം വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകന്‍ നാലു വയസുള്ള അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ.
ഭര്‍ത്താവിനൊപ്പം വാഗമണ്‍ കാണാനെത്തിയതായിരുന്നു ആര്യയും മകനും. ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം അമ്മയും മകനും ഇരിക്കുകയായിരുന്നു. ഈ സമയം ചാര്‍ജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്. കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു.
ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിറകോട്ട് നീക്കിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്. ആശപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെതിരെയാണ് കേസ്.
