
തിരുവനന്തപുരം:തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം നടന്നത്. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
ഇന്നലെ വൈകുന്നേരവും ബസ് സ്റ്റാൻഡിൽ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ പോലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് ഇന്ന് രാവിലെ വീണ്ടും സംഘർഷമുണ്ടായത്.
പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. പോത്തൻകോട് ബസ് സ്റ്റാൻഡിൽ സ്ഥിരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ വിദ്യാർഥിയുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


