ന്യൂഡൽഹി: ഹിമാചലിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് റിപ്പോർട്ടുകൾ. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്വകാര്യ ബസിന് മുകളിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു. മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും ഇടിഞ്ഞ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അധികൃതർ പറയുന്നതനുസരിച്ച്, ഒരു കുട്ടിയും മൂന്ന് പേരെയും ബസിന് അകത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയിൽ നാട്ടുകാർ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം. ബസിന് മുകളില്‍ നിന്ന് ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.


