പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
അമേരിക്കയില്‍ താമസിക്കുന്ന അജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ രണ്ട് തവണകളിലായി 5,000ത്തിന് മുകളിലാണ് വൈദ്യുതി ബില്‍. തുടര്‍ന്ന് കെഎസ്‌ഇബിക്ക് പരാതി നല്‍കി. അതിനിടെ ബില്‍ കൂടാനുള്ള കാരണം അറിയാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ടുപേരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് പൂട്ടികിടക്കുകയായിരുന്ന വീട്ടില്‍ താമസക്കാരുണ്ടെന്ന് മനസ്സിലാക്കുന്നത്.
വീട് പരിശോധിക്കാനെത്തിയവര്‍ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ അത് തടയാന്‍ താമസക്കാര്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വീടിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്.
ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം വീട്ടില്‍ താമസിക്കുന്നുവെന്നും അനധികൃത താമസക്കാരെ ഒഴിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ മുഖാന്തരം പരാതി നല്‍കിയത്. പരാതി മരട് പൊലീസിന് കൈമാറി. വീട് വാടകയ്ക്ക് കൈമാറിയിരുന്നില്ല. ഗേറ്റ് അടക്കം പൂട്ടിയിട്ടിട്ടുമുണ്ട്. 2023 ല്‍ ഒഴികെ എല്ലാവര്‍ഷവും അജിത് നാട്ടില്‍ വന്നിട്ടുണ്ട്.