Blog

കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി’; ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ചേർത്തല: ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിയിലും ഗുരുതര അനാസ്ഥ. അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.
ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിൻ്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണൻ പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഈ വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. മുമ്പ് അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മുറിവ് വണ്ടാനം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ ചില്ല് നീക്കാതെ തുന്നിക്കെട്ടിയ സംഭവം വിവാദമായിരുന്നു. രോഗിയുടെ കാലിൽ തറച്ച ചില്ല് ഒരു വർഷത്തിന് ശേഷമായിരുന്നു പുറത്തെടുത്തത്. വിഷയത്തിൽ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. സമാനമായ സംഭവമാണ് ഇപ്പോൾ തുറവൂരിൽ നിന്നും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *