Blog

യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണ, സ്വർണ്ണ വിലകളിൽ വൻ കുതിച്ചുചാട്ടം. ഇറാൻ-യുഎസ് സംഘർഷം ശക്തമായതോടെ ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ സ്വാധീനിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിതരണത്തെ ബാധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. റിപ്പോർട്ടുകൾ പ്രകാരം എണ്ണവിലയിൽ 10 ശതമാനവും സ്വർണ്ണവിലയിൽ 1.4 ശതമാനവും വർധനയുണ്ടായി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നത് ഇൻഷുറൻസ് നിരക്കുകൾ വർധിക്കാനും ചരക്കുനീക്കം തടസ്സപ്പെടാനും കാരണമായി. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിദിനം 15 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് വഴി കടന്നുപോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ പ്രതിദിനം 206,000 ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഉൽപാദനം പെട്ടെന്ന് വർധിപ്പിക്കാൻ ശേഷിയുള്ളത് സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാത്രമാണ്. ഇതിനകം തന്നെ സൗദി 500,000 ബാരലിന്റെ വർധന വരുത്തിയിട്ടുണ്ട്. ഉൽപാദനം വർധിപ്പിച്ചാലും ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകാതെ വിപണിയിലെ വില കുറയ്ക്കാനാവില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *