ആലപ്പുഴ. ആറാട്ടുപുഴയിൽ സ്വർണ്ണപ്പണയം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ആളുടെ മുഖത്ത് മുളകുപൊടി വിതറി 28 ലക്ഷം രൂപ കവർന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചാണ് 10 മിനിറ്റിനുള്ളിൽ പ്രതികളെ ആലപ്പുഴ തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്.ജയിലിനുള്ളിൽ വച്ച് പരിചയപ്പെട്ട ശേഷമാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെആലപ്പുഴ ആറാട്ടുപുഴ ബസ്റ്റാൻറിന് സമീപത്തായിരുന്നു സംഭവം.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന സ്വർണം എടുക്കാൻ ഉണ്ടെന്നു പറഞ്ഞാണ് വണ്ടാനം സ്വദേശി നസ്രുൾ ഇസ്ലാമിനെ ഒന്നാം പ്രതി ശ്രീജിത്ത് വിളിക്കുന്നത്.പണയം വെച്ചതിന്റെ രേഖ അയച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ കാർത്തികപ്പള്ളിയിലുള്ള ഒരു സ്ഥാപനത്തിൻറെ രസീത് അയച്ചുകൊടുത്തു.ഇവരുടെ ആറാട്ടുപുഴയിൽ ഉള്ള ശാഖയിലാണ് പണയം വെച്ചിരിക്കുന്നത് എന്നും പ്രതികൾ പറഞ്ഞു.വണ്ടാനത്തുനിന്ന് പണയം എടുക്കാനുള്ള പൈസയുമായി തോട്ടപ്പള്ളിയിൽ എത്തിയ നാസറിനെ ശ്രീജിത്തിന്റെ സ്കൂട്ടറിൽ കയറ്റിയാണ് ആറാട്ടുപുഴ ഭാഗത്തേക്ക് കൊണ്ടുവന്നത്.ബസ്റ്റാൻഡിന് അടുത്ത എത്തിയപ്പോൾ ശ്രീജിത്തിന്റെ അച്ഛനെ വിളിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് സ്കൂട്ടർ നിർത്തുകയും ഹെൽമെറ്റ് ഊരിയ ഉടനെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം സ്കൂട്ടറിന്റെ മുന്നിൽ പണം സൂക്ഷിച്ച ബാഗ് എടുത്തു കൊണ്ട് ശ്രീജിത്ത് ഓടുകയായിരുന്നു.

