കല്‍പ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെള്ളവും മണ്ണും ചേര്‍ന്ന് ശക്തമായി താഴേയ്ക്ക് പതിക്കുന്ന സിസിടിവി ദൃശ്യമാണ് പുറുവന്നത്. ടാങ്കര്‍ ലോറി അടക്കം മണ്ണിനും ചെളിക്കുമൊപ്പം ഒലിച്ചു വരുന്നതും ഓടിരക്ഷപെടുന്ന ആളുകളെയും ദൃശ്യങ്ങളില്‍ കാണാം.

വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴുപേരെ കാണാതായതായും വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ എന്ന ജയ (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരാണ് വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മണ്ണിടിച്ചില്‍ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ചുളിക്ക ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. മേപ്പാടിയില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തിന് സമീപത്തെ മണ്ണെടുത്ത പ്രദേശത്തുനിന്ന് വലിയ തോതില്‍ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയേറിയ സാഹചര്യത്തിലാണ് നടക്കുന്നത്.

