കൊച്ചി: ഓണക്കാലത്തിന്റെ വരവ് അറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ തൃപ്പൂണിത്തുറയെ പൈതൃക നഗരമായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അത്തച്ചമയം മതസൗഹാര്‍ദ്ദത്തിന്റെ ആഘോഷമാണെന്നും തൃപ്പൂണിത്തുറയ്ക്കും അത്തചമയത്തിനും രാജകീയമായ പാരമ്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതസൗഹാര്‍ദ്ദത്തിന്റെ പാരമ്പര്യം വ്യക്തമാക്കുന്ന നിരവധി കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഇവിടെ ഉണ്ടെന്നും അത് സംരക്ഷിക്കപ്പെടാന്‍ തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ചടങ്ങില്‍ തൃപ്പൂണിത്തുറ പൈതൃക നഗരമാക്കാനുള്ള പ്രൊപ്പോസല്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.തൃപ്പൂണിത്തുറ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ദീപക് ജോയ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്കാണ് പ്രദേശത്ത് ഉള്ളത്. അതിനാല്‍ തന്നെ നഗരത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

