Blog

ജംബുലിംഗം പിടിയിൽ.

മരക്കൊമ്പിൽ വീടൊരുക്കി ഒളിവുജീവിതം; 40-ഓളം കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ ജംബുലിംഗം സുരേഷ് പിടിയിൽ

തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട ‘ജംബുലിംഗം സുരേഷ്’ ബാലരാമപുരം പൊലീസിന്റെ പിടിയിലായി

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും അതിക്രമങ്ങള്‍ നടത്തി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. പണിതീരാത്ത വീടിന് മുകളില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.

മോഷണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നാല്‍പ്പതിലേറെ ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നെയ്യാറ്റിൻകരയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഇൻസ്പെക്ടറെ (സി.ഐ) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും ഇയാള്‍ പ്രധാന പ്രതിയായിരുന്നു. നാടിന് വൻ ഭീഷണിയുയർത്തിയ ഇയാളെ ‘കണ്ണില്‍ ചോരയില്ലാത്ത അക്രമി’ എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ 12 വർഷക്കാലം വിവിധ കേസുകളിലായി ജയില്‍വാസം അനുഭവിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടും ഇയാളുടെ കുറ്റകൃത്യങ്ങളുടെ രീതിക്ക് യാതൊരു മാറ്റവും വന്നിരുന്നില്ല. ശിക്ഷ കഴിഞ്ഞിറങ്ങി അധികം വൈകാതെ തന്നെ ഇയാള്‍ വീണ്ടും അക്രമസംഭവങ്ങളില്‍ ഏർപ്പെടാൻ തുടങ്ങുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാലരാമപുരം പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഒരു വീട്ടില്‍ അക്രമിച്ച്‌ കയറിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. തുടർന്ന് ഇരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ഊർജ്ജിത തിരച്ചില്‍ നടത്തിവരികയായിരുന്നു. തുടർന്ന് ബാലരാമപുരത്ത് നിർമ്മാണം പൂർത്തിയാകാത്ത ഒരു വീടിന്റെ മുകള്‍നിലയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ബാലരാമപുരം പൊലീസ് സംഘം സ്ഥലത്തെത്തി വീട് പൂർണ്ണമായും വളയുകയായിരുന്നു.

ആക്രമണകാരിയായ പ്രതി ഏതുനിമിഷവും ആക്രമിച്ചേക്കാമെന്നതിനാല്‍ വളരെ ജാഗ്രതയോടെയായിരുന്നു പൊലീസിന്റെ നീക്കം. വീടിന്റെ മുകളിലേക്ക് കയറില്‍ പിടിച്ച്‌ കയറിയാണ് സുരേഷ് ഒളിച്ചിരുന്നത്. പൊലീസുകാർ മുകളിലേക്ക് കയറുന്നത് കണ്ട പ്രതി വീടിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.

പ്രധാനമായും മോഷണവും പിടിച്ചുപറിയുമാണ് ഇയാളുടെ പ്രവർത്തനരീതിയെങ്കിലും, ഇരയാകുന്നവരെ ക്രൂരമായി ശാരീരികമായി ഉപദ്രവിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഒടുവില്‍ നാട്ടുകാർക്ക് ഏറെ ഭീഷണിയായ ഈ അക്രമിയെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *