
തിരു.: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഇന്ന് 100 ദിവസം പിന്നിടുന്നു. ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. ഇതിനായി 266.53 കോടി രൂപയുടെ യാത്രാസൗജന്യം നല്‍കിയതായാണ് കണക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്യുന്നത്.
പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചയില്‍ പ്രതിദിനം 11.08 ലക്ഷം സ്ത്രീ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 13-ാം ആഴ്ചയിലെത്തിയപ്പോള്‍ ഇത് 13.93 ലക്ഷമായി ഉയർന്നു. ജൂണില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 12.12 ലക്ഷമായിരുന്നെങ്കില്‍ ജൂലൈയില്‍ 13.62 ലക്ഷമായും ഓഗസ്റ്റില്‍ 12 ലക്ഷമായും രേഖപ്പെടുത്തി. സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്യാൻ തുടങ്ങിയതോടെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ പ്രതിദിന ശരാശരി ആദ്യ ആഴ്ചയിലെ 6.09 ലക്ഷത്തില്‍ നിന്ന് 13-ാം ആഴ്ചയില്‍ 6.19 ലക്ഷമായി ഉയർന്നു. ഇതോടെ ആകെ യാത്രക്കാരുടെ എണ്ണം 24.66 ലക്ഷത്തില്‍ നിന്ന് 27.63 ലക്ഷമായി. 12.1 ശതമാനമാണ് വർദ്ധന.
യാത്രച്ചെലവില്‍ ലാഭിക്കുന്ന തുക കുടുംബങ്ങളുടെ കൈകളിലേക്ക് നേരിട്ടുള്ള വരുമാനമായി എത്തുന്നതാണ് പദ്ധതിയുടെ പ്രധാന സാമൂഹിക-സാമ്പത്തിക നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. ദിവസവും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റില്‍ മിച്ചം വെക്കാൻ കഴിയുന്നു. യാത്രച്ചെലവ് കുറഞ്ഞതോടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും വർദ്ധന ഉണ്ടായെന്നാണ് നല്‍കിയിരിക്കുന്ന വിവരങ്ങളിലെ വിലയിരുത്തല്‍.

