മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം.

സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. നാല് നഴ്‌സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്.
കോട്ടയം പാലാ സ്വദേശിനിയായ ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ സ്വദേശിനിയായ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി, ദേവമ്മ ഹെപ്സിബ എന്നിവരും അപകടത്തിൽ മരിച്ചു. വാഹനമോടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു.
സൗദി സർക്കാരിന് കീഴിലുള്ള ഡിസ്പൻസറികളിൽ ജോലി ചെയ്തിരുന്ന നാല് നഴ്‌സുമാരും മക്കയിലെ അൽഗഫയിൽ ജോലി ചെയ്തുവരികയായിരുന്നു. വാരാന്ത്യ അവധിയായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങളെ വേദനയിലാഴ്ത്തി ദാരുണ വാർത്ത.

