
മലപ്പുറം: തിരൂരങ്ങാടി നഗരസഭയിൽ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. തിരൂരങ്ങാടി നഗരസഭയിലെ ഗ്രേഡ് രണ്ട് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ശ്രീജിയാണ് (39) അറസ്റ്റിലായത്.
പ്രവാസി വനിതയായ പുതിയ ഹോട്ടൽ ഉടമയോട് ലൈസൻസ് നൽകുന്നതിനായി ഹെൽത്ത് ഇൻസ്‌പെക്ടർ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കൈക്കൂലി നൽകാൻ താല്പര്യമില്ലാത്ത ഉടമ, വിവരം മലപ്പുറം വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം ഒരുക്കിയ കെണിയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. പരപ്പനങ്ങാടിയിലെ അദ്ദേഹത്തിന്റെ വാടകവീടിന് സമീപം വെച്ച് വ്യാഴാഴ്ച വൈകിട്ട് 6.45നാണ് പരാതിക്കാരിയിൽ നിന്നും ഇയാൾ പണം വാങ്ങിയത്. വിജിലൻസ് സംഘം പിടികൂടിയ ഉടൻ തന്നെ ഉദ്യോഗസ്ഥൻ കൈക്കൂലി തുക ഒളിപ്പിക്കാനും നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യം ചെയ്യലിൽ പണത്തെക്കുറിച്ച് മാറിമാറി മറുപടി നൽകിയ ഇയാൾ, പിന്നീട് പണം ടോയ്‌ലറ്റിലൂടെ ഒഴുക്കി കളഞ്ഞതായി സമ്മതിച്ചു. തുടർന്ന് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ, ഇയാളുടെ സാന്നിധ്യത്തിൽ ടോയ്‌ലറ്റ് പൊളിച്ച് പൈപ്പിൽ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുകയായിരുന്നു. പരിശോധനയിൽ പൈപ്പിലെ വളവുകളിൽ കുടുങ്ങിയ നിലയിൽ 10,000 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ വിജയകരമായി വീണ്ടെടുത്തു.
പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

