ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.
അതിനിടെ ഇന്ത്യയ്ക്കെതിരെ ജിഹാദ് ഭീഷണിയുമായി അൽഖ്വയ്ദയുടെ സന്ദേശം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെതായി പുറത്ത് വന്ന ഭീഷണി പ്രസ്ഥാവന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം അതീവ കരുതലോടെയാണ് ശ്രദ്ധിക്കുന്നത്.
ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്‍കാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് ഷരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ശക്തമായ തിരിച്ചടി കിട്ടിയിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന അവകാശവാദമടക്കം നടത്തിയാണ് പാക് പ്രധാനമന്ത്രി പോർവിളി നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്. സൈന്യത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തകര്ത്തുവെന്നും അവകാശപ്പെട്ടു. ദേശീയ സുരക്ഷ സമിതി യോഗത്തിലും ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
