
രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് വിമൽ വി. രാജിവെച്ചതിന് പിന്നിൽ എംഎൽഎയുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയെന്ന് സൂചന.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്കായ വിമൽ, കോൺഗ്രസ് സർവീസ് സംഘടനാ നിർദേശപ്രകാരം ഡെപ്യൂട്ടേഷനിൽ എത്തി മൂന്ന് മാസം കഴിയുമ്പോഴാണ് രാജി.
ഔദ്യോഗികമായി വ്യക്തിപരമായ കാരണങ്ങളെന്നാണ് രാജിക്കത്തിൽ പറയുന്നതെങ്കിലും, രമ്യയുടെ ഏകപക്ഷീയമായ നിലപാടുകളും ധാർഷ്ട്യവും പരസ്യമായി അപമാനിക്കലുമാണ് കാരണമെന്ന് വിമൽ സർവീസ് സംഘടനാ നേതൃത്വത്തെ അറിയിച്ചുവെന്നാണ് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.
തുടരാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് വിമൽ കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിരുന്നു.
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതടക്കം വിവാദങ്ങൾക്കിടയിലാണ് പിഎയുടെ രാജി വരുന്നത്.

