
കൊച്ചി:നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികൾക്ക് പ്രഥമദൃഷ്ട്യാ തന്നെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതി സുഹൈൽ അപകടസമയത്ത് അനുവദനീയമായ പരിധിയിലും അഞ്ച് മടങ്ങിലധികം മദ്യപിച്ചിരുന്നതായി രാസപരിശോധനാ ഫലം തെളിയിക്കുന്നു (100 മില്ലി ലിറ്റർ രക്തത്തിൽ 159 മില്ലി ഗ്രാം ആൽക്കഹോൾ). ഇത് കേവലം ഒരു സാധാരണ വാഹനാപകടമല്ലെന്നും ബോധപൂർവ്വമായ നരഹത്യയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപകടത്തിന് മുൻപ് പ്രതികൾ ബാറുകളിൽ കയറി ഇറങ്ങുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അമിതവേഗതയ്ക്ക് മതിയായ തെളിവുകളില്ലെന്നും, മാധ്യമങ്ങൾ വാർത്ത വലിയ രീതിയിൽ ചർച്ചയാക്കിയതുകൊണ്ട് കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.
കാറിലുണ്ടായിരുന്ന മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ സുഹൈൽ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് തടയാതെ കുറ്റകൃത്യത്തിന് പ്രേരണ നൽകിയെന്നും കോടതി നിരീക്ഷിച്ചു.
2026 ഒക്ടോബർ 11-ന് പുലർച്ചെ 1.45-ഓടെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.കലണ്ടർ കാണുക

