
കോവളം സ്പാ കേസ്: മുമ്പും നിരവധി പെണ്‍കുട്ടികളെ എത്തിച്ചു, അനുരൂപിനെതിരെ നിര്‍ണായക കണ്ടെത്തല്‍
തിരുവന്തപുരം: കോവളം സ്പായിലെ പീഡനത്തില്‍ സ്പാ ഉടമ അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായാണ് വിവരം. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടെന്നും വിവരമുണ്ട്. കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്. ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് വലവിരിച്ചിട്ടുണ്ട്. ഇവരായിരുന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നത്.
അതേസമയം കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് നാളെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സിഡബ്ല്യുസിയുടെ അനുമതിക്ക് തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സ്പാ നടത്തിപ്പുകാരായ സുജിത്ത്, നിശാന്ത് എന്നിവരെയായിരിക്കും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍, പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ മുഖ്യപ്രതിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ അനുരൂപിന്റെ മറ്റ് സ്പകളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ട് വയസുമുതല്‍ മാതൃസഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്ന 16കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് പണം വാങ്ങി കുട്ടിയെ വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

