ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലെ വാഹനാപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നിരുന്നു. അതിനാൽ തിരിച്ചറിയൽ പൂർത്തിയായത് ഏറെ സങ്കീർണവും വേദനാജനകവുമായ നടപടിക്രമങ്ങൾക്കൊടുവിലാണെന്ന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനി വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശികളായ മർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൽ റഷീദ് (38), മുഹമ്മദ് സാഖിബ് (31), തെലങ്കാന സ്വദേശികളായ സലിം സയ്യിദ് (51), അബ്ദുൽ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) ശ്രീലങ്കയിലെ നോർത്തേൺ പ്രവിശ്യയിൽ നിന്നുള്ള സാമുവൽ രംഗസാമി (34) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ചയാണ് എമിറേറ്റ്‌സ് റോഡിൽ മിനിബസ് ട്രക്കിലിടിച്ച് അപകടമുണ്ടായത്. ദുബായിലെ നിർമാണ സ്ഥലത്തുനിന്നും ജോലി കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന മിനിബസ് എമിറേറ്റ്‌സ് റോഡിൽ കേടായിക്കിടന്ന ട്രക്കിന് പിന്നിലിടിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾ അന്നേ ദിവസം നിർബന്ധിത ഡ്യൂട്ടിയിലായിരുന്നില്ല. കമ്പനി വാരാന്ത്യങ്ങളിൽ നൽകുന്ന അധികവേതനത്തോടുകൂടിയുള്ള ഓവർടൈം ജോലി സ്വമേധയാ തിരഞ്ഞെടുത്തവരായിരുന്നു ഇവർ. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ മറ്റ് അഞ്ച് പേർ നേരത്തെ ആശുപത്രി വിട്ടിരുന്നു.

