Blog

നാഗേഷിന്റ വെളിപ്പെടുത്തൽ

പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടന്നും അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്ന് ദൃക്‌സാക്ഷി

അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്‌സാക്ഷി. ഷിരൂര്‍ കുന്നിന് എതിര്‍വശം ഉള്‍വരെ ഗ്രാമത്തില്‍നിന്ന് ഗംഗാവലി പുഴയില്‍ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുഴക്കരയില്‍ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നില്‍നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു. ഇങ്ങനെ വന്ന ടണ്‍ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയെയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടത്” നാഗേഷ് പറഞ്ഞു.

ഇതേസമയം കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെന്‍ഷന്‍ ഇലക്‌ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വരുന്നുണ്ടായിരുന്നു. ഈ ലൈന്‍ പുഴയിലേക്കു വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയര്‍ന്നു കരയിലേക്ക് ഇരച്ചുകയറി വീടുകള്‍ തകര്‍ത്തു. പിന്നീട് കുറെ മത്സ്യങ്ങളും ചത്ത നിലയില്‍ കണ്ടെത്തി.

കരയിലെ തെങ്ങുകളും നശിച്ചു. തീരത്തുണ്ടായിരുന്ന നാലു കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പരുക്കേറ്റ് ആശുപത്രിയിലായി” നാഗേഷ് കൂട്ടിച്ചേര്‍ത്തു. ലോറിയുടെ പിറകു വശവും ലോറിയിലെ വിറകും മാത്രമാണു കണ്ടതെന്നും മുന്‍ഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാല്‍ ലോറിയുടെ നിറം ഏതാണെന്നു മനസിലായില്ലെന്നും നാഗേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *