Blog

ഇനിയും ബാക്കി

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി തിരച്ചില്‍ ഊർജിതം. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാർഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു.

മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച്‌ 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂർണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകർന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവർക്കായി രാത്രിവൈകുവോളം രക്ഷാപ്രവർത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിർത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.

ദുരന്തഭൂമിയില്‍ കൈ മെയ് മറന്ന സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൂരല്‍മല വാർഡംഗം നൂറുദ്ദീൻ പറഞ്ഞു. മുണ്ടക്കൈയില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനിടെയാണ് ഉരുള്‍പൊട്ടിയത്. പരമാവധി ആളുകളെ വിവരമറിയിച്ച്‌ ഇവിടെത്തന്നെ തുടർന്നു. വേറെ വഴിയുണ്ടായിരുന്നില്ല. മുണ്ടക്കൈയിലെ സ്വകാര്യ റിസോർട്ടില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. പരിക്ക് പറ്റിയവർ മേപ്പാടി വിംസ് ആശുപത്രിയിലും വയനാട് മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. മേപ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, എല്‍.പി സ്കൂള്‍, ഹൈസ്കൂള്‍ തുടങ്ങി അഞ്ചിടങ്ങളിലായാണ് രക്ഷപ്പെട്ടവരെ മാറ്റിപ്പാർപ്പിരിച്ചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *