Blog

വീണ്ടും ഉഗ്രശബ്ദം

വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

അമ്ബലവയല്‍ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്ബ്, നെന്മേനി വില്ലേജിലെ അമ്ബുകുത്തി മാളിക, പടിപറമ്ബ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിർവഹണ വിഭാഗം അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്ബനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്ബനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.

‘നെന്മേനി വില്ലേജിലും അമ്ബലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. രണ്ട് സെക്കൻഡോളം മാത്രമേ ജെർക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസർ സജീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *