Blog

മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച്‌ കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി.

ചെർപ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്‍വെച്ചാണ് സംഭവം.

അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാർക്കാട് പോലീസും പരിശോധനയിലേർപ്പെട്ടത്. ഇതിനിടെ കോയമ്ബത്തൂർ ഭാഗത്തുനിന്നും അട്ടപ്പാടിവഴി ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.

ബൈക്കിന്റെ പെട്രോള്‍ ടാങ്കിലും പിൻസീറ്റിലുമുള്ള രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തവ. ആകെ 49, 82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി. സി.സുന്ദരൻ പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കോടതിയുടെ ഉത്തരവുപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണാർക്കാട് സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എം.അജാസുദ്ദീൻ, എസ്.ഐ. അബ്ദുള്‍ നാസർ, എ.എസ്.ഐ.മാരായ ശ്യാംകുമാർ, പ്രശോഭ്, പോലീസുകാരായ സുനില്‍, കൃഷ്ണകുമാർ, ഡാൻസാഫ് ടീം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *