Blog

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയായ അഫാന്റെ അമ്മ ഷെമീന ഒടുവില്‍ ഇളയ മകന്റെ മരണവിവരം അറിഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെമീന ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും തന്റെ കുടുംബത്തിനുണ്ടായ ദുരന്തം അറിഞ്ഞിരുന്നില്ല. വിദേശത്തായിരുന്ന ഭര്‍ത്താവ് അബ്ദുള്‍ റഹീം തിരിച്ചെത്തിയപ്പോളും മൂത്തമകന്‍ നടത്തിയ കൂട്ടക്കൊലപാതകവിവരം മറച്ചുവെച്ചു. എന്നാല്‍ ഒടുവില്‍ ആ ദുരന്ത വാര്‍ത്ത ഷെമീന അറിഞ്ഞിരിക്കുകയാണ്.
രണ്ട് ദിവസമായി ഭര്‍ത്താവിനോടും ഡോക്ടര്‍മാരോടും മക്കള്‍ എന്താണ് തന്നെ കാണാന്‍ വരാത്തതെന്ന് ഷെമീന ചോദിക്കുന്നുണ്ടായിരുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഭര്‍ത്താവും ബന്ധുക്കളും ചെയ്തിരുന്നത്. എന്നാല്‍ ഇനിയും മറച്ചുവെക്കേണ്ടെന്നും ഓരോന്നായി മരണവിവരം അറിയിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതോടെയാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റഹീം തന്നെ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്.
ഇളയ മകന്‍ അഫ്‌സാന്‍ മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. ആത്മഹത്യയെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂത്തമകന്‍ അഫാനും ആത്മഹത്യക്ക് ശ്രമിച്ചെന്നും അഫാന്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും പറഞ്ഞു. മറ്റ് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാതെ ഷെമീന നിലവിളിച്ച് കരയുകയായിരുന്നു. അതോടെ സൈക്യാട്രിക് വിദ്ഗ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഘട്ടം ഘട്ടമായി മറ്റ് കൊലപാതകങ്ങളും അറിയിക്കാമെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. മരണവിവരം അറിയിച്ച ശേഷമേ പൊലീസിന് ഷെമീനയുടെ വിശദമൊഴിയെടുക്കാനാവു. ഇപ്പോഴും ഷെമീന പറഞ്ഞിരിക്കുന്നത് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ്. കൂട്ടക്കൊല വിവരം അറിഞ്ഞ ശേഷം ചോദ്യം ചെയ്യുമ്പോള്‍ കൊലയ്ക്ക് കാരണമായി അഫാന്‍ പറഞ്ഞത് ശരിയാണോയെന്ന് ചോദിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *