Blog

കോട്ടയത്തെ നടുക്കി ഇരട്ടക്കൊല; വസ്ത്രങ്ങളില്ലാതെ ചോരയില്‍കുളിച്ച് മൃതദേഹങ്ങൾ, കോടാലി കണ്ടെടുത്തു ,
………..,…………………….
▂▂▂▂▂▂▂▂▂▂▂▂▂▂
നാടിനെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് വിജയകുമാറിനെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
രക്തംവാര്‍ന്ന നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. വീട്ടിലെ ആദ്യത്തെ മുറിയിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മീരയുടെ മൃതദേഹം. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. മുഖം വികൃതമാക്കിയനിലയിലുമായിരുന്നു.

പ്രാഥമികപരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, വീടിന്റെ പിറകുവശത്തുനിന്ന് ഒരു കോടാലി കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ഒരു ഇതരസംസ്ഥാന തൊഴിലാളി നേരത്തേ വിജയകുമാറിനൊപ്പം ജോലിക്കുണ്ടായിരുന്നതായും ഇയാളെ അടുത്തിടെ പറഞ്ഞുവിട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവാതുക്കലിലെ വീട്ടില്‍ ദമ്പതിമാര്‍ മാത്രമായിരുന്നു താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മകനും ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്..


▪️▫️▪️

Leave a Reply

Your email address will not be published. Required fields are marked *