തിരുവനന്തപുരം : കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. രജിത്തിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞ് അപകട ദിവസം തന്നെ രജിത്തിനെ മടക്കി അയച്ചുവെന്നും മെഡിക്കൽ കോളേജിൽ നിന്നും എടുത്ത എക്സ്-റേ വ്യക്തമായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.പിന്നീട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉണ്ടെന്ന് പറഞ്ഞതും ഡോക്ടർ അവഗണിച്ചു. പലതവണ പറഞ്ഞിട്ടും ഡോക്ടർ കാര്യമായ പരിശോധന നടത്താന്‍ തയ്യാറായില്ലെന്നും രഞ്ജിത്തിൻ്റെ സഹോദരൻ പറയുന്നു. ‘നെഞ്ച് വേദന കലശലായതോടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നിന്നും എടുത്ത എക്സ്-റേയിലാണ് വാരിയെല്ലിൽ മൂന്ന് പൊട്ടലുകൾ ഉള്ളതായി കണ്ടെത്തിയത്. ഗുരുതരമായ പരിക്കെന്നാണ് ആ ഡോക്ടർ പറഞ്ഞത്. അന്നേ ദിവസമാണ് രജിത്ത് കുഴഞ്ഞുവീണ് മരിച്ചത്. മെഡിക്കൽ കോളേജിനെ വിശ്വസിച്ചതാണ് സഹോദരൻറെ ജീവൻ നഷ്ടമാകാൻകാരണമായത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആശുപത്രിയുടെ അനാസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ട്’ സഹോദരൻ പറഞ്ഞു.


