പിരപ്പമൺകാട് പാടശേഖര നടുവിലൂടെ ഹരിതവീഥി
പിരപ്പമൺകാട് പാടശേഖരം സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക്
നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ആയി പാടശേഖരസമിതി യന്ത്രവൽകൃത ഞാറു നടീലിന്റെ സാധ്യതകളിലേക്ക് കടക്കുകയാണ്. പരീക്ഷണാർത്ഥം ഇത്തവണ 10 ഏക്കർ പ്രദേശത്താണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത് . അതിനായി പ്രത്യേകം തയ്യാറാക്കിയ പൊതു ഞാറ്റടിയിൽ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ മണ്ണ് നിരത്തി അതിൽ വിത്ത് വിതച്ചാണ് യന്ത്രത്തിൽ വയ്ക്കുന്നതിന് ആവശ്യമായ ഞാറ് തയ്യാറാക്കിയത് . കൃഷിഭവനിൽ നിന്നും ലഭിച്ച 400 കിലോ വിത്താണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. വരും വർഷങ്ങളിൽ , വീണ്ടെടുത്ത പാടശേഖരപ്രദേശത്ത് മുഴുവനും യന്ത്രത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ തെരഞ്ഞെടുത്ത പ്രദേശത്ത് മാത്രം മെഷീൻ നടിൽ നടപ്പിലാക്കിയത് .
അതോടൊപ്പം ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് കൈത്താങ്ങായി പാടശേഖര നടുവിലൂടെയുള്ള റോഡിന്റെ സൗന്ദര്യവൽക്കരണത്തിനായി അലങ്കാര മുളകൾ വച്ചു പിടിപ്പിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതി ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ വി.ശശി നിർവഹിച്ചു. ഉയരത്തിൽ വളരാത്തതും ഈ പ്രദേശത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം ഉണ്ടാക്കാത്തതും റോഡിന്റെ പാർശ്വഭിത്തികൾക്ക് കേടുവരുത്താത്തതും നെൽ കൃഷിക്ക് തടസ്സം ഉണ്ടാക്കാത്തതും ആയ പ്രത്യേക ഇനം ചെടിമുള തൈകൾ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും എത്തിച്ചാണ് എത്തിച്ചാണ് ഇവിടെ വച്ച് പിടിപ്പിക്കുന്നത്. ബംഗാൾ മുള, ലാത്തി മുള എന്നീ ഇനങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞവർഷം വയലിമ്പം പദ്ധതി പ്രകാരം റോഡിന്റെ വശങ്ങളിൽ വച്ച് പിടിപ്പിച്ച അരളി ചെടികൾ പൂത്തു നിൽക്കുന്ന മനോഹരമായ കാഴ്ച, പാടശേഖരത്തിന്റെ പുതിയ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
മുദാക്കൽ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഹരിത കേരള മിഷൻ, പാടശേഖരസമിതി, സൗഹൃദ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ലോക പരിസ്ഥിതി ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വി ശശി എംഎൽഎ ഈ വേദിയിൽ വച്ച് നിർവഹിക്കുകയുണ്ടായി . സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഈ ഷാജഹാന് പാടശേഖര സമിതി ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വാർഡ് മെമ്പർ വി ഷൈനി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് എസ് ചന്ദ്രബാബു നന്ദിയും പറഞ്ഞു . പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുoമൂട് മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ പി നന്ദുരാജ് മറ്റ് പഞ്ചായത്ത് മെമ്പർമാർ ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു .