ചെങ്ങന്നൂരില്‍ കാറിന് തീയിട്ട സംഭവം: മുളക്കുഴ സ്വദേശി പ്രതി കസ്റ്റഡിയില്‍
ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീടിന്റെ മുറ്റത്ത് കിടന്ന കാറിന് തീയിട്ട സംഭവത്തില്‍ മുളക്കുഴ സ്വദേശി പോലീസ് കസ്റ്റഡിയില്‍.
മുളക്കുഴ പൂപ്പങ്കര സ്വദേശി സെലിന്‍ കുമാര്‍ (അനൂപ്-37) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയത്.
പെട്രോള്‍ പമ്പുകളില്‍ നിന്നും കുപ്പിലയില്‍ പെട്രോള്‍ വാങ്ങിയവരെ കുറിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
സംഭവം നടന്ന വീട്ടുകാരുമായുള്ള മുന്‍ വൈരാഗ്യം ആണ് കാറിന് തീയിടാന്‍ കാരണമായതെന്ന് പറയുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ചെങ്ങന്നൂര്‍ എസ്എച്ചഒ എ.സി വിപിന്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് പുറകുവശത്തുള്ള കോതാലില്‍ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറിനാണ് തീയിട്ടത്.
കുപ്പിയില്‍ പെട്രോളുമായി എത്തിയയാള്‍ കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീ വച്ച ശേഷം ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്.
രാജമ്മയുടെ വിദേശത്തുള്ള മകള്‍ തിട്ടമേല്‍ കോണത്തേത്ത് കവിത ഗോപിനാഥിന്റെ ഉടമസ്ഥതയില്‍ 4 വര്‍ഷം പഴക്കമുള്ള ടോയോട്ട ഗ്ലാന്‍സ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
കാര്‍ വീടിനോട് ചേര്‍ന്ന് കിടന്നതിനാല്‍ തീ വിടിനകത്തേക്കും പടര്‍ന്നു. കട്ടില്‍, മെത്ത, ദിവാന്‍കോട്ട് എന്നിവയും കത്തിനശിച്ചു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വീട്ടിലേക്ക് കൂടുതല്‍ തീ പടരാതെ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടം നടക്കുമ്പോള്‍ കവിതയുടെ മകള്‍ 4 വയസുള്ള അര്‍ഷിത, രാജമ്മയുടെ സഹോദരീ പുത്രന്‍മാരായ മിഥുന്‍ മോഹന്‍, നിഥിന്‍ മോഹര്‍, ലേഖ (46) രാജമ്മ (56) എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു.
