തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രന്
തിരിച്ചടി. മേയർ ആര്യ രാജേന്ദ്രൻ എംഎൽഎ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന
മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവ്
യദു നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. പോലീസ് കേസെടുക്കാത്തതിനെ
തുടർന്നാണ് യദു കോടതിയെ സമീപിച്ചത്. പരാതി സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ്
കോടതി കേസ് ഈ മാസം ആറിന് പരിഗണിക്കും.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ്
കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്.
കേസെടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ്
കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം
തടസ്സപ്പെടുത്തിയെന്നാണ് യദുവിന്റെ പരാതി. സച്ചിൻ ദേവ് എംഎൽഎ ബസിൽ
അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യദുവിന്റെ പരാതിയിൽ പറയുന്നു.