Blog

ഡോക്ടർ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ വഴിത്തിരിവ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർ ബൈസ്റ്റാൻഡറെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ഡോക്ടർ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അന്വേഷണത്തിൽ, പിജി ഡോക്ടറെന്ന് വ്യാജമായി പരിചയപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കുറ്റിക്കാട്ടൂർ മയിലാംപറമ്ബ് നൗഷാദാണ് (27) അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാർത്ഥി എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ, പിടിയിലായ നൗഷാദിന്റെ ഭാര്യയും യുവതിയുടെ അച്ഛനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആ സമയത്ത് വാർഡില്‍ പരിശോധിക്കാൻ വന്ന പിജി ഡോക്ടറുടെ പേര് വിവരങ്ങള്‍ മനസ്സിലാക്കി നൗഷാദ് യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങി. ഡോ. വിജയ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. അച്ഛനൊപ്പം ആശുപത്രിയിലെ കൂട്ടിരിപ്പിനിടെ ഡോ. വിജയിയെ കണ്ടതിനാല്‍ യുവതിക്ക് സംശയം തോന്നിയില്ല. സൗഹൃദം വളർന്നപ്പോള്‍ വിവാഹ അഭ്യർഥന നടത്തി.

അതിനിടെ നൗഷാദ് നാലുതവണ യുവതിയുടെ വീട്ടിലുമെത്തി. ആരെങ്കിലും കാണും എന്ന് പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്യുവാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രതിയുടെ മുഖം യുവതിക്ക് കൃത്യമായി കണ്ടിരുന്നില്ല.

പിന്നീട് നൗഷാദ് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിൻമാറിയതോടെ ‘ഡോ. വിജയി’യെ കാണാൻ യുവതി മെഡിക്കല്‍ കോളജില്‍ എത്തി. ഡോക്ടർ വിജയ് അപരിചിതനെപ്പോലെ പെരുമാറിയത് തന്നോടുള്ള ചതി ആയി യുവതി തെറ്റിധരിച്ചു. തുടർന്ന് യുവതിയും ബന്ധുവും കൂടി യഥാർത്ഥ പിജി ഡോക്ടറെ മെഡിക്കല്‍ കോളജ് വാർഡില്‍ കയറി കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നാലെ ഡോക്ടർ യുവതിക്ക് എതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വിജയ് ആയി ആൾമാറാട്ടം നടത്തിയ നൗഷാദിനെ വലയിലാക്കിയത്. യഥാർത്ഥ ഡോക്ടറിനെ ആക്രമിച്ചതിന് യുവതിക്കും കൂട്ടാളികൾക്കും എതിരെ പോലീസ് മറ്റൊരു കേസും ചാർജ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *