കൊല്ലം : ഉത്സവങ്ങളിലെ ‘ഇടിവണ്ടി’: അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും; ഡിജെ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
സ്ഥാനത്ത് ഉത്സവഘോഷയാത്രകളില്‍ അതിശക്തമായ ശബ്ദവും വെളിച്ചവും ഉപയോഗിക്കുന്ന ഡി.ജെ. വാഹനങ്ങള്‍ക്കെതിരെ കർശന നടപടികള്‍ വരാനിരിക്കുകയാണ്.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
എസെൻസ് ഗ്ലോബല്‍-‘സൈലൻസ് ദ നോയിസ്’ ക്യാംപെയ്ൻറെ ഭാഗമായി എഴുകോണ്‍ സ്വദേശി എ.എസ്. മനു നല്‍കിയ പരാതിയെ തുടർന്നാണ് നടപടി ശക്തമാകുന്നത്. പ്രത്യേകിച്ച് പരീക്ഷക്കാലത്ത് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസർമാർക്കും അന്വേഷണം നടത്തി തുടർനടപടികള്‍ സ്വീകരിക്കാൻ ഡി.ജി.പി. നിർദേശം നല്‍കി.
നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഉച്ചഭാഷിണികളും മറ്റു ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ വകുപ്പിനും അധികാരം നല്‍കും. ഗുരുതരമായ ലംഘനങ്ങളില്‍ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാനും നടപടിയുണ്ടാകും.
ഉത്സവങ്ങളില്‍ ‘ഇടിവണ്ടി’കളെന്ന പേരില്‍ ഡി.ജെ. സംവിധാനമുള്ള വാഹനങ്ങള്‍ എത്തിക്കുന്നതില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘങ്ങള്‍ തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. സമീപകാലത്ത് കൊട്ടാരക്കര ഭാഗത്ത് നടന്ന ഒരു ക്ഷേത്രോത്സവത്തില്‍ കർണാടകയും തമിഴ്നാടും ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയതും ശ്രദ്ധേയമായി. എഴുകോണില്‍ നിന്ന് ഉയർന്ന ശബ്ദ സംവിധാനങ്ങളുള്ള നാല് ഡി.ജെ. ലോറികള്‍ പിടികൂടിയെങ്കിലും വെറും 1000 രൂപ പിഴ മാത്രം ഈടാക്കിയ സംഭവവും വിമർശനത്തിന് ഇടയാക്കി. കർശനമായ നിയമപ്രകാരം അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താമെന്നിരിക്കെ ഇത് പ്രയോഗിക്കാത്തതിനെതിരെ പരാതികളും ഉയർന്നിട്ടുണ്ട്.
ഡി.ജെ. വാഹനങ്ങളിലെ അതിരുകടന്ന ശബ്ദതീവ്രത മൂലം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന ആരോപണങ്ങളും പുറത്ത് വരുന്നു. ശബ്ദം കാരണം ഒരു വയോധികൻ കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കാനും കഴിയും. എം.വി.എ. ചട്ടപ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും.
കൊല്ലം റൂറല്‍ ജില്ലയില്‍ ഇതിനോടകം ശബ്ദമലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ക്ക് നിർദേശം നല്‍കിയതായി കൊല്ലം ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് അറിയിച്ചു. ഉത്സവാഘോഷങ്ങളില്‍ നിയന്ത്രിതമായ ശബ്ദ ഉപയോഗം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇനി കൂടുതല്‍ കർശനമാകുമെന്നാണ് സൂചന.
ഇതിനിടയില്‍ വിദ്യാർത്ഥികളുടെ വിനോദയാത്രകളുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് പുതിയ നിർദ്ദേശവുമായി രംഗത്തെത്തി. സ്കൂളുകളോ കോളേജുകളോ വിനോദയാത്ര സംഘടിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആർടിഒയെ നിർബന്ധമായും അറിയിക്കണമെന്നാണ് നിർദേശം. യാത്രയ്ക്ക് കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും വിവരങ്ങള്‍ കൈമാറണം.
ഇത് ബസുകളുടെ സാങ്കേതിക പരിശോധന നടത്താനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കും. കൂടാതെ, വിദ്യാർത്ഥികള്‍ക്കും ഡ്രൈവർമാർക്കും അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് മുൻകൂട്ടി ബോധവല്‍ക്കരണം നല്‍കുന്നതിനും ഇത് ഉപയോഗകരമാകും.
കഴിഞ്ഞ വർഷങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വിദ്യാർത്ഥികളുമായി യാത്ര ചെയ്യുന്ന പല ബസുകളിലും എമർജൻസി എക്സിറ്റ്, അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടസാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഡ്രൈവർമാർക്കും വിദ്യാർത്ഥികള്‍ക്കും വ്യക്തമായ അറിവില്ലായ്മയും കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപുറമേ, ചില ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും അലങ്കാര ലൈറ്റുകളും സ്ഥാപിക്കുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ തീപിടിത്തത്തിനും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാനും കാരണമാകാം.
ഈ നിർദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന്റെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിനായിരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങള്‍ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം..


