ശക്തമായ അടിയൊഴുക്കിൽപ്പെട്ട അനുജത്തിയെയും മറ്റ് രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടെ 13 വയസ്സുകാരനായ സ്വദേശി ബാലൻ മുങ്ങിമരിച്ചു. മുഹമ്മദ് അഹമ്മദ് ബിൻ ആമർ അൽ ഷെഹി എന്ന ബാലനാണ് കുടുംബാംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 14) വൈകുന്നേരം അഞ്ച് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചിൽ എത്തിയതായിരുന്നു മുഹമ്മദ്. കടലിൽ സാഹചര്യം മോശമാകുന്നത് കണ്ട് മുഹമ്മദ് ആദ്യം വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറിയിരുന്നു. എന്നാൽ ഏഴ് വയസ്സുകാരിയായ അനുജത്തിയും എട്ടും ഒൻപതും വയസ്സുള്ള രണ്ട് ബന്ധുക്കളും ശക്തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് വലിപ്പിക്കപ്പെടുന്നത് കണ്ടതോടെ മുഹമ്മദ് തിരികെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. തന്റെ സർവ്വ കരുത്തും ഉപയോഗിച്ച് മുഹമ്മദ് മൂന്ന് കുട്ടികളെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടയിൽ വലിയ അളവിൽ കടൽവെള്ളം ഉള്ളിൽച്ചെന്ന മുഹമ്മദ് പൂർണ്ണമായും തളർന്നുപോയി. രക്ഷാപ്രവർത്തകർ എത്തുമ്പോൾ മുഹമ്മദിന് നേരിയ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

രക്ഷപ്പെട്ട അനുജത്തി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ തിരിച്ചെത്തി. തന്റെ അനുജനോടും അനുജത്തിയോടും അങ്ങേയറ്റം സ്നേഹവും സംരക്ഷണവും പുലർത്തിയിരുന്ന ഉത്തരവാദിത്തമുള്ള കുട്ടിയായിരുന്നു മുഹമ്മദെന്ന് പിതാവ് ഓർമ്മിക്കുന്നു. “അവൻ എല്ലാവർക്കും ഒരു വലിയ ജ്യേഷ്ഠനെപ്പോലെയായിരുന്നു, കുട്ടികളെ കടയിൽ കൊണ്ടുപോയി മിഠായികൾ വാങ്ങി നൽകുന്നതും അവരെ നോക്കുന്നതുമെല്ലാം മുഹമ്മദായിരുന്നു,” പിതാവ് ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു. തന്റെ മകൻ മരിക്കാൻ കാരണം താനാണെന്ന കുറ്റബോധത്തിലാണ് രക്ഷപ്പെട്ട സഹോദരിയെന്നും, ഇത്തരം ബീച്ചുകളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

